Friendship day

പ്രണയത്തെക്കാൾ  ശക്തമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് സൗഹൃദം മാത്രമാണ്. ഒറ്റയ്ക്കാണെന്നു തോന്നിയപ്പോഴൊക്കെ അശ്വസിപ്പിക്കാനും കൂടെ നിൽക്കാനും ചങ്ക്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ജാതി മത ചിന്തകൾക്ക് ഇന്നും വേർതിരിവ് സൃഷ്ടിക്കാൻ കഴിയാത്ത ഒരേയൊരിടം ചങ്ങാതിക്കൂട്ടം തന്നെയാണ്.  ഒളിച്ചുവയ്ക്കുവാനോ മറച്ചുപിടിയ്ക്കുവാനോ ഒന്നും തന്നെയില്ലാത്ത, പരസ്പ്പരമടുത്തറിയുന്നവരായിരിക്കണം യഥാര്‍ത്ഥ ചങ്ങാതിമാര്‍. ആ ചങ്ങാത്തം മാത്രമേ നിലനില്‍ക്കൂ. അതിനു മാത്രമേ ആയുസ്സുമുണ്ടാകുകയുള്ളൂ. ആയിരം ചങ്ങാതിമാരേക്കാൾ ശരിക്കറിയാവുന്ന,മനസ്സിലാക്കുന്ന ഒരു ചങ്ങാതിയുണ്ട് എന്ന്‍ പറഞ്ഞഹങ്കരിക്കുന്നവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍.

സൗഹൃദത്തിന്റെ തണൽ ആസ്വദിക്കുമ്പോൾ തന്നെ മനസിനെ കാതങ്ങൾ പിറകോട്ട് വലിക്കുന്ന ഒത്തിരി നഷ്ടങ്ങളുമുണ്ടാവും എല്ലാവരുടെയും ലൈഫിൽ.  വിദ്യാലയ ജീവിതത്തിലെ ആരംഭ കാലങ്ങളിൽ വളപ്പൊട്ടും മായിൽപ്പീലിയും കളിച്ചെടിയുമായി കൂട്ടുകൂടി പിന്നോരിക്കൽ  മിഴിനിറഞ്ഞു എങ്ങോ മറഞ്ഞവർ. SSLC യുടെ തിക്കിലും തിരക്കിലും പെട്ട് അപ്രത്യക്ഷമായവർ. ഒരിക്കൽ ഹൃദയം തൊട്ടവനെ മറക്കില്ല ഒരിക്കലും, എത്ര ദൂരെയാണെങ്കിലും ചാറ്റിങ് ഗ്രൂപ്പുകൾക്കന്യമാണെങ്കിലും. നഷ്ടപ്പെട്ടുവെന്നു കരുതാനല്ല; നമുക്ക് സമാന്തരമായി അവനുമൊഴുകുന്നുണ്ടെന്നും എന്നെങ്കിലും ഒരു ജീവിത കവലയിൽ വീണ്ടും കണ്ടുമുട്ടുമെന്നും പ്രതീക്ഷിക്കാനാണെനിക്കിഷ്ടം. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

ജീവിതത്തിന്റെ ബഹളങ്ങൾക്കിടയിൽ എപ്പഴോ കടന്ന് വന്ന് ഹൃദയത്തിൽ ഒരു കയ്യൊപ്പിട്ട് കടന്നു പോയ എല്ലാ ചങ്കുകൾക്കും സൗഹൃദദിനാശംസകൾ...

"Many people will walk in out of your life. But only  true friends will leave footprints in your heart"

Shoukum4u@gmail.com

Comments