ധോണിയും ടീച്ചറും പിന്നെ ഞാനും

Scene 1
Up സ്കൂളിൽ പഠിക്കുന്ന കാലം. ക്രിക്കറ്റ്  കിറുക്ക് തലക്ക് പിടിച്ച സമയം. ഇന്ത്യയുടെ കളിയുള്ള ദിവസം ഉച്ച ഭക്ഷണം ഇടവേളയിൽ സ്കൂളിനാടുത്തുള്ള  കൂട്ടുകാരന്റെ വീട്ടിൽ കളി കാണാൻ പോകുന്ന ശീലമുണ്ടായിരുന്നു എനിക്കും കൂട്ടുകാർക്കും. അന്നൊരു ദിവസം ഇന്ത്യ- ശ്രീലങ്ക മത്സരം. ഇന്ത്യ 300 റൺസ് പിന്തുടരുകയാണ്. ഉച്ചബെൽ മുഴങ്ങി ഞങ്ങൾ ഓടിക്കിതച്ചു എത്തിയപ്പോഴേക്കും സച്ചിൻ ഔട്ടായി. അന്നൊക്കെ സച്ചിൻ പോയാൽ പിന്നെ വല്യ പ്രതീക്ഷയൊന്നുമില്ല. എന്നാൽ പിന്നാലെ ഇറങ്ങിയ മുടി നീട്ടി വളർത്തിയ പുതിയ കളിക്കാരൻ അടിച്ചു തകർത്ത് മുന്നേറുന്ന കാഴ്ചയാണ് ഞങ്ങളാവിടെ കണ്ടത്.  ഇരുത്തം ഉറപ്പിച്ചു. 1.55 ന് തിരിച്ചു സ്കൂളിലേക്കോടലാണ് പതിവ്. അന്ന് പക്ഷെ അരുതാത്തത് സംഭവിച്ചു.

ബൗണ്ടറികൾ ഒഴുകി.  മുടിയന്റെ കളിയഴകിൽ ലയിച്ച ഞാനും അനസും എഴുന്നേറ്റില്ല. മറ്റെല്ലാരും ഓടിപ്പോയി. സൂചി കറങ്ങികൊണ്ടിരുന്നു. മണി മൂന്നടിച്ചപ്പോൾ  കളിയിൽ നിന്ന് ശ്രദ്ധ വിട്ടു. ആദ്യമായാണ് ഇങ്ങനെ ഒരു മുങ്ങൽ. മുങ്ങൽ എന്നല്ല ഒരു അലമ്പിനും നിൽക്കാത്ത ആളാണ്. അത്യാവശ്യം പഠിപ്പി എന്ന പേരുമുണ്ട. ഭയം കൂടിയപ്പോൾ സ്കൂളിലേക്കോടി. അവസാന ഇന്റർവെൽ സമയം ക്ലാസ്സിൽ കയറാനായിരുന്നു പ്ലാൻ. സ്കൂളെത്തും മുൻപേ ഉച്ചക്ക് കളി കാണാനുണ്ടായിരുന്ന ഒരുത്തൻ ഇങ്ങോട്ട് ഓടിവരുന്നു. അവന്റെ കയ്യിൽ അതികമുണ്ടായിരുന്ന ബാഗ് എടുത്ത അനസിന് കൊടുത്തിട്ട് ഞെട്ടിക്കുന്ന വാർത്തകൾ വിളമ്പി. സ്കൂൾ നേരത്തെ വിട്ടിരിക്കുന്നു. അനസ്  അല്ലറ ചില്ലറ കച്ചറ കളിക്കുന്നത് കൊണ്ട് അവന്റെ അസാന്നിദ്യം  അവന്റെ ക്ലാസ് അറിഞ്ഞിട്ടില്ല. ക്ലാസ് ടീച്ചറും. അവന്റെ ക്ലാസ്സിൽ കയറി അവന്റെ ബാഗ് എടുത്തിട്ടാണ് ഇതിയാൻ വരുന്നത്. എന്നാൽ എന്റെ അവസ്ഥ പരിതാപകരമായിരുന്നു.  ഉച്ചക്ക് ശേഷം ക്ലാസ് എടുത്ത ടീച്ചേഴ്‌സ് എല്ലാം എന്റെ അസാന്നിധ്യം നോട്ട് ചെയ്തു. ഞാൻ മുങ്ങുമെന്ന് ഒരിക്കലും അവർ കരുതുന്നില്ലല്ലോ. പോരാത്തതിന് എന്റെ ബാഗ് പേടിപ്പെടുത്തുന്ന തെളിവായി അവിടെ കിടക്കുന്നുണ്ട് താനും. എന്നെ ആരോ തട്ടിക്കൊണ്ടു പോയെന്ന് വരെ 7 ബി ക്കാർ പറഞ്ഞു പരത്തി എന്നും അറിഞ്ഞു.  സംഗതി കളി കാര്യമായി എനിക്കുറപ്പായി. കണ്ണിൽ ഇരുട്ട് കയറി. പിറകിലെ കളിസ്ഥലം വഴി ക്ലാസ്സിൽ കയറിയപ്പോൾ അവിടം ശൂന്യം. എന്റെ ബാഗ് തൊണ്ടിമുതൽ പോലെ ഓഫീസ് റൂമിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു...

പേടിച്ചു വിറച്ചാണ് ഓഫീസിനു മുന്നിൽ ചെന്നത്. ഭാഗ്യത്തിന് ടീച്ചേഴ്‌സ് എല്ലാം പോയിട്ടുണ്ട്. പ്യുണിനോട് മുട്ടൻ നുണ പറഞ്ഞു ബാഗ് കൈക്കലാക്കി വീട്ടിലേക്കോടി.

Scene 2-

രാത്രി വീട്ടിലെ ലാൻഡ് ലൈനിലേക്ക് സ്കൂളിലെ  സോഷ്യോളജി അദ്ധ്യാപകനും നാട്ടുകാരനുമായ സുരേന്ദ്രമാഷ് വിളിക്കുന്നു. ആദ്യം ഫോണെടുത്ത ഉമ്മയോട് കാര്യം പറയാതെ ഫോൺ എനിക്ക് തരനാണ്  അങ്ങേ തലക്കൽ നിന്നവശ്യപ്പെട്ടത്. ഞാൻ നൈസായി കാര്യം പറഞ്ഞു. മാഷ്ക്കും വല്യ പ്രശ്‌നല്ല. ഇനിയെങ്ങനെ ചെയ്യരുതെന്ന താക്കീത് മാത്രം. പക്ഷെ പൂരം കണ്ടു നിന്നവർ അതോടെ ഇളകി.  വീട്ടില്ലെന്നാരൊക്കെ ഉണ്ടെന്നോർമ്മയില്ല, ഉള്ളവരൊക്കെ ഉപദേശിക്കുകയോ ചീത്ത പറയുകയോ എന്തെല്ലാമോ ചെയ്തു. എന്റെ  ആധി നാളെ ടീച്ചേഴ്സിനെ ഫേസ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് ക്ലാസ് ടീച്ചറെ. എന്നെ വല്യ ഇഷ്ടമാണ്. അത്ര തന്നെ ദേഷ്യക്കാരിയും.

Scene 3-

രാവിലെ എഴുന്നേറ്റപ്പോൾ സന്തോഷ വാർത്ത കോഴിക്കോട് കപ്പടിച്ച വകയിൽ സ്കൂൾ അവധി. ചോദ്യം ചെയ്യൽ ഒരു ദിവസം കൂടി നീട്ടി കിട്ടിയതിൽ ആശ്വസിച്ചു.  കളിക്കളത്തിൽ ചെന്നപ്പോൾ സ്വീകരണം. ക്ലാസ് കട്ടാക്കി  കളി കണ്ട വകയിൽ.

Scene 4-

ബസിൽ കയറിയത് മുതൽ  കുട്ടികൾ എന്നെ ഒരു പ്രത്യേക നോട്ടം നോക്കുന്നു.   പലതരം ആംഗ്യം കാണിക്കുന്നു.  സ്കൂളിൽ എത്തിയപ്പോൾ ഉള്ള കഥ പറയുകയും വേണ്ട.  എന്നെ ഗുണ്ടകൾ തട്ടിക്കൊണ്ടു പോയ കഥയുടെ വിവിധ വേർഷനുകൾ തന്നെ ലഭ്യമാണ്. സ്വന്തം ക്ലസ്സിലെ കിടങ്ങൾക്ക് എല്ലാര്ക്കും സാമാന്യം ബേധപ്പെട്ട വിശദീകരണം നൽകി ഞാൻ സീറ്റിൽ ഇരുന്നു.
നടന്നത് മാഷ് വഴി ടീച്ചർ അറിഞ്ഞിരിക്കും. ഒന്നും പറഞ്ഞു പിടിച്ചു നില്ക്കാൻ കഴിയില്ല.  വരാൻ പോകുന്ന ഡെമോ മനസ്സിൽ കൊണ്ട് വന്ന് ഞാൻ ഒരുക്കിയിരുന്നു.  ഒന്നും സംഭവിച്ചില്ല. പടച്ചോൻ വീണ്ടും എന്റെ കൂടെ.
ടീച്ചർ ലീവ്.  അവധി ദിവസം ടീച്ചർ ബൈക്കിൽ നിന്ന് വീണ്   കാല് പൊട്ടി ഹോസ്പിറ്റലിൽ. അനിശ്ചിത കാല ലീവും. അന്ന് ഞാൻ സന്തോഷിച്ചതിൽ എന്നെ കുറ്റം പറയാനൊക്കുമോ.  മറ്റുള്ള ടീച്ചേഴ്സിൽ നിന്നും ആവശ്യത്തിന് കിട്ടിയെങ്കിലും ക്ലാസ് ടീച്ചറിൽ നിന്നുള്ള രക്ഷയോളം വരില്ലായിരുന്നു അതൊന്നും.

Scene 5 -

ഒരു മാസത്തെ അവധിക്ക് ശേഷം ടീച്ചർ വന്നു. കാല് ശരിക്ക് മാറിയിട്ടില്ല. മുടന്തിയാണ്  നടപ്പ്. ആദ്യം ദിവസം ഞാൻ ഒളിഞ്ഞും മറിഞ്ഞും നടന്നു. എല്ലാവരും വിശേഷം തിരക്കി ഒപ്പം കൂടിയപ്പോഴും ഞാൻ വലിഞ്ഞു കളഞ്ഞു. മറന്നിട്ടുണ്ടാവും എന്നാലും ഓര്മ വന്നാലോ!.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കോണ്ഫിഡൻസായി.
'മറന്നിട്ടുണ്ടാവും അല്ലെങ്കിൽ ചോദിക്കേണ്ട സമയം കഴിഞ്ഞില്ലേ'.
ടീച്ചർ വന്ന് അഞ്ചാം ദിവസം. പീരിയഡ് കഴിഞ്ഞു എല്ലാവരും ഇന്റർവെല്ലിന് പുറത്തു പോകുന്ന സമയം. ഡോറിന് അടുത്തെത്തിയപ്പോൾ പിറകേന്ന് വിളി.
" ഷൗക്കത്തലി ഇവിടെ വന്നേ ".

തല കുനിച്ചു അങ്ങനെ നിന്ന്. ആ 10 മിനിറ്റ്  10 യുഗങ്ങളുടെ ഫീലിംഗ് ഒന്നുമില്ലെങ്കിലും 10 മണിക്കൂറിന്റെ ഫീലിങ്ങ്സ് ഒക്കെ ഞാൻ അനുഭവിച്ചു. ടീച്ചർ  കരഞ്ഞു, ഞാനും കരഞ്ഞു. എന്തിനാ കരഞ്ഞതൊന്നും ഓർമയില്ല.
എന്റെ പടച്ചോനെ ആ  സംഭവത്തിനു ശേഷം പിന്നൊരു തൊന്തരവിലും ഞാൻ ചെന്ന് ചാടിയിട്ടില്ല. കാക്കാൻ ഉള്ള സുഖം നിക്കാൻ നേരം കിട്ടില്ല...

Comments